നക്ഷത്രങ്ങളെ പ്രണയിച്ച കൂട്ടുകാരി...


സ്വപ്നങ്ങളെ അവള്‍ കൂട്ടുപിടിച്ചത്‌ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടനുള്ള വഴിയായി കരുതിയിട്ടവാം അല്ലെങ്കില്‍ അവളുടെ ഉള്‍വലിഞ്ഞ സ്വഭാവം കൊണ്ടായിരിക്കാം.ഏകാകിയായ്‌ ഇരിക്കുമ്പോള്‍ അവള്‍ ഏകാന്തത അറിയുന്നേയില്ല.

"ഈ ജീവിതകാലം മുഴുവന്‍ ഇവിടെ ഒറ്റയ്കിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.നിറഞ്ഞ ഏകാന്തത ദൈവം എനിക്ക്‌ നല്‍കുകയാണെങ്കില്‍ ലോകത്തിലെ സര്‍വ്വദു:ഖവും നല്‍കിയാലും ഇവിടെ ഒറ്റയ്കിരുന്നു കരയാന്‍ എനിക്ക്‌ സന്തോഷം മാത്രം" എന്ന് അവളുടെ ഡയറിത്താളുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ആ ഡയറിയും മുറിയും അവള്‍ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌.

"എനിക്കുപോലും അറിയാത്ത മനസിന്റെ കോണിലെ ഒരായിരം നൊമ്പരങ്ങള്‍ പങ്കുവയ്ക്കുവാന്‍ നിന്റെ ഈ താളുകള്‍ മാത്രം" എന്ന് ഒരു കൂട്ടുകാരിയോടെന്നപോലെ ആദ്യപേജില്‍ കുറിച്ചിരുന്നു.

നിറഞ്ഞ ആ ഏകാന്തതയില്‍ അവളെ ഇഷ്ടപ്പെടുന്ന അവളെ ഇഷ്ടപ്പെടുന്നവര്‍ എന്ന് അവള്‍ കരുതുന്ന എല്ലാവരും ഉണ്ടാകും.അവരോടെല്ലാം അവള്‍ സംസാരിച്ചുകൊണ്ടിരിക്കും. അവര്‍ അവളോടും.എന്നാല്‍ യഥാര്‍ത്ഥജീവിതത്തില്‍ ഇവരില്‍ പലരോടും അവള്‍ ഉള്ളുതുറന്നു സംസാരിച്ചിട്ടുണ്ടാവില്ല. സത്യത്തില്‍ ഇവരില്‍ പലരേയും അഭിമുഖീകരിക്കാന്‍ തന്നെ അവള്‍ക്ക്‌ ഭയമാണ്‌ എന്ന കാര്യം അവരെ കാണുമ്പോള്‍ മാത്രമാണ്‌ അവള്‍ ഓര്‍ക്കുന്നത്‌. അങ്ങനെ എല്ലാവരുടെയും സൗഹൃദം ആഗ്രഹിക്കുകയും എന്നാല്‍ സംസാരിക്കാനുള്ള കഴിവ്‌ പോലും ഇല്ലെന്ന സത്യം സ്വയം അറിയുകയും ചെയ്യുന്നതിനാല്‍ എല്ലാവര്‍ക്കും മുന്‍പില്‍ അവള്‍ക്ക്‌ തികഞ്ഞ മൗനം മാത്രം.

അവളുടെ മൗനം വാചാലമായിരുന്നു.അവളുടെ മൗനത്തിന്റെ ആഴങ്ങള്‍ വായിക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ അവള്‍ എന്നും തേടിയിരുന്നു. ഒടുവില്‍ അവളെ മനസിലാക്കുന്ന ഒരു കൂട്ടുകാരന്‍ ഹൃദയത്തിന്റെ ഭാഷയില്‍ അവളെ വിളിച്ചപ്പോള്‍ അവളെന്തെ ആ സൗഹൃദം കണ്ടില്ലെന്നു നടിച്ചത്‌ എന്നെനിക്ക്‌ മനസിലായിരുന്നില്ല. അവളെ എനിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നെനിക്ക്‌ മനസിലായി അവള്‍ ആ സൗഹൃദം ഇഷ്ടപ്പെട്ടിരുന്നു. വളരെയധികം

ജീവിതത്തിന്റെ വസന്തകാലമാണ്‌ കലാലയ ജീവിതം. ആ വസന്തം വിടവാങ്ങാന്‍ ഒരുങ്ങുന്നു.അതിനുമുന്‍പെ തന്നെ പൂക്കളെല്ലം തല്ലിക്കൊഴിച്ച്‌ മരവിച്ച മനസുമായി ആ മരച്ചില്ലകളെ നോക്കിനില്‍ക്കുന്ന അവളെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ എന്തിന്‌ എന്ന ചോദ്യത്തിന്‌ എനിക്കുത്തരം ഉണ്ടായിരുന്നില്ല.

പൗര്‍ണമിനാളില്‍ ഈ മണ്ണില്‍ പെയ്തിറങ്ങുന്ന നിലാവിനെയല്ല അമാവാസിയിലെ നിറഞ്ഞ ഇരുട്ടില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെയാണ്‌ അവള്‍ക്കിഷ്ടം എന്നു പറഞ്ഞപ്പ്പ്പോഴും വരികള്‍ക്കിടയില്‍ വായിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഒരുപാടുനാളുകള്‍ക്കു ശേഷം മറുപടിയായി വന്ന എഴുത്തില്‍ നിന്നും ആ സുഹൃത്ത്‌ ഇന്ന് അവള്‍ക്കേറ്റവും പ്രിയപ്പെട്ട നക്ഷത്രലോകത്തെ ഒരു നക്ഷത്രമായി ഈ ലോകത്തുനിന്നും യാത്രയായി എന്നറിഞ്ഞപ്പോള്‍ എന്തുകൊണ്ടെന്നറിയില്ല അവളുടെ പഴയ എഴുത്തുകളിലെ വരികള്‍ക്കിടയിലൂടെ വായിച്ചുപോകുന്നു.

നക്ഷത്രങ്ങള്‍ എന്നും ശോഭയോടെ ജ്വലിച്ചു എങ്കിലും അവയുടെ നീലവെളിച്ചം ഒരുനാളും അവളെ തഴുകിയിരുന്നില്ല. എന്നിട്ടിമെന്തേ ഈ മണ്ണില്‍ പെയ്തിറങ്ങുന്ന നിലാവിനേക്കാള്‍ നക്ഷത്രങ്ങളെ അവള്‍ പ്രണയിച്ചത്‌? കുട്ടിക്കാലത്തു തന്നെ തനിക്കു നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ടവരെയായിരുന്നൊ അവള്‍ അവിടെ തിരഞ്ഞത്‌? ഒരിക്കലും കിട്ടാതെ പോയ ആ സ്നേഹമാണോ നക്ഷത്രങ്ങളെ നോക്കി അവള്‍ തന്റെ കണ്ണുകളിലേക്കാവാഹിച്ചത്‌?

തന്റെ ജന്മദോഷത്തെക്കുറിച്ച്‌ മുത്തശ്ശി പറയുമ്പോഴെല്ലാം തനിക്കതില്‍ വിശ്വാസം എല്ലെന്നു പറഞ്ഞു തര്‍ക്കിക്കാറുണ്ടെങ്കിലും അവള്‍ അതൊക്കെ വിശ്വസിച്ചിരുന്നോ?? തനിക്ക്‌ പ്രിയപ്പെട്ടവരെ ദൈവം ഒരു സ്റ്റാര്‍ ആക്കും എന്ന് തമാശയായി പറഞ്ഞപ്പോഴും ഇതൊക്കെ ആയിരുന്നോ അവളുടെ മനസില്‍?? ഇതായിരുന്നോ അവളെ ആ നല്ല സുഹൃത്തില്‍ നിന്നും അകലാന്‍ പ്രേരിപ്പിച്ചത്‌ ??
എത്ര അകലാന്‍ ശ്രമിച്ചിട്ടും അവളുടെ പ്രിയപ്പെട്ടവന്‍ ഇന്ന് ഒരു നക്ഷത്രമായ്‌ അനന്തതയില്‍...
അവളുടെ മനസിലെ ഏറ്റവും പ്രിയപ്പെട്ട നക്ഷത്രമാകാന്‍ വേണ്ടിയാണോ അവന്‍..........

No comments: